ന്യൂഡൽഹി: വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). ബുക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ അധിക നിരക്ക് നൽകാതെ ടിക്കറ്റ് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ കഴിയുന്ന തരത്തിലുള്ള നിയമം വൈകാതെ ഡിജിസിഎ പ്രാബല്യത്തിൽ കൊണ്ടുവരും.
നിലവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ഏതെങ്കിലും കാരണത്താൽ റദ്ദാക്കിയാൽ കാൻസലേഷൻ ഫീ അടക്കം ടിക്കറ്റിൽ നിന്ന് ഈടാക്കിയ ശേഷം ബാക്കി തുകയാണ് യാത്രക്കാരന് ലഭിക്കുക. അതുപോലെ യാത്ര ഭേദഗതി ചെയ്യണമെങ്കിലും അധിക തുക നൽകേണ്ടി വരും. ഇക്കാര്യങ്ങളിൽ മാറ്റം വരുത്തുകയാണ് ഡിജിസിഎ.
വിമാനക്കന്പനിയുടെ വെബ്സൈറ്റ് മുഖേന നേരിട്ടല്ലാതെ ട്രാവൽ ഏജന്റ് വഴിയോ ഓണ്ലൈൻ പോർട്ടൽ ഉപയോഗിച്ചോ ബുക്കിംഗ് നടത്തിയാലും റീഫണ്ടിംഗിന്റെ ഉത്തരവാദിത്വം വിമാനക്കന്പനിക്ക് തന്നെയായിരിക്കും. 21 ദിവസത്തിനുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയായതായി വിമാനക്കന്പനികൾ ഉറപ്പ് വരുത്തണം. വിമാനക്കന്പനികളുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ യാത്രക്കാരന്റെ പേരിൽ തിരുത്തലുകൾ വരുത്താൻ യാതൊരു ചാർജും ഈടാക്കില്ല.
ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 48 മണിക്കൂർ നേരത്തേക്ക് ’ലുക്ക് ഇൻ ഓപ്ഷൻ’ വിമാനക്കന്പനികൾ നൽകണം. ഈ സമയത്തിനുള്ളിൽ യാത്രക്കാർക്ക് അധിക തുക നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ സാധിക്കും. എന്നാൽ ഈ സമയം കഴിഞ്ഞാൽ അധിക തുക നൽകേണ്ടി വരും.
എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട ആഭ്യന്തര, 15 ദിവസത്തിനുള്ളിൽ പുറപ്പെടേണ്ട അന്താരാഷ്ട്ര, വിമാന യാത്രകൾക്ക് ഡിജിസിഎ നിർദേശിക്കുന്ന ആനുകൂല്യം ബാധകമാകില്ല.
മെഡിക്കൽ എമർജൻസി മൂലം യാത്ര റദ്ദാക്കിയാൽ വിമാനക്കന്പനികൾക്ക് പണം തിരികെ നൽകുകയോ ഭാവിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമോ നൽകാം. തീരുമാനങ്ങളുടെ കരടുരേഖയിൽ വിമാനക്കന്പനികളിൽ നിന്ന് നവംബർ 30 വരെ അഭിപ്രായം തേടിയിട്ടുണ്ട്.